തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഒരു സമിതിക്ക് പകരം മറ്റൊരു സമിതി വരുന്നത് ഭരണപരമായ പ്രക്രിയയാണ്.
പദവി ഒഴിയുന്നത് സംബന്ധിച്ച് ആശയവിനിമയത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. പ്രേംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. പ്രവർത്തനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.